Wednesday 6 May 2015

നല്ല കണ്ണുള്ള നീതിദേവത

ഇന്ന് താരങ്ങൾ സൽമാനോ ഗെയിലോ സ്റ്റാർക്കോ അല്ലാ...
ഡി.ഡബ്ള്യു.ദേശ്പാണ്ഡെയും എം.പി.സുബ്രഹ്മണ്യവുമാണ്.
............
ആദ്യത്തെയാൾ, ഭൂമിയിലെ ഒരു താരരാജാവിനെ അഞ്ചു വർഷത്തേക്ക് ശിക്ഷിച്ചയാളാണ്.
നൂറുല്ല മെഹമൂദ് എന്ന ദരിദ്രൻറെ ജീവനപഹരിച്ച, മറ്റ് നാലുപേർക്ക് ഗുരുതരപരിക്കുകൾ സമ്മാനിച്ച താരത്തിൻറെ പണവും പേരും പ്രതാപവും ഒന്നും അവിടെ പ്രശ്നമായില്ല. നീതിദേവതയിൽ വിശ്വാസം തോന്നിയ നിമിഷങ്ങൾ. ധീരമായി തൻറെ മൊഴിയിലുറച്ചു നിന്ന രവീന്ദ്ര പാട്ടീലെന്ന പാവം കോൺസ്ടബിളിന് ലഭിച്ച (മാനസിക സമ്മർദ്ദത്തിൻറെ പ്രത്യാഘാതങ്ങൾ അവസാനം ക്ഷയരോഗത്തിലെത്തിക്കയും 2007ൽ അദ്ദേഹം അനാഥനായി മരണമടയുകയും ചെയ്തത് ചേർത്തു വായിക്കണം) നീതികൂടിയാണ് ഈ വിധി. തെളിവ് നശിപ്പിക്കാനും ശിക്ഷയിൽ നിന്ന് രക്ഷ നേടാനും താരവും പരിവാരങ്ങളും നടത്തിയ ശ്രമങ്ങൾ വിലപ്പോകാഞ്ഞതിൽ ഒരു സന്തോഷമുണ്ട്.
........
രണ്ടാമൻ കോയമ്പത്തൂർ ജില്ലാ കോടതി ജഡ്ജിയാണ്. പോലീസ് അറസ്ട് ചെയ്ത രൂപേഷും ഷൈനയും ഉൾപ്പടെയുള്ള  "മാവോയിസ്ടുകൾ" കുറ്റക്കാരല്ലെന്നും, വിദ്യാഭ്യാസമുള്ളവരും സാമൂഹ്യമാറ്റത്തിന് ആത്മാർത്ഥമായി ശ്രമിക്കുന്നവരുമാണെന്ന് പറഞ്ഞ മറ്റൊരു നീതിമാനായ ന്യായാധിപൻ. കള്ളങ്ങളും അഴിമതിയും നീതിനിഷേധവും നിറഞ്ഞ രാജ്യത്തിൽ ഇവർ ചെയ്ത തെറ്റ് എന്താണ്. ഇന്ന് ഇവർ ചെയ്യുന്നത് തന്നെയല്ലേ പണ്ട് ഗാന്ധിജിയും നേതാജിയും ഭഗത് സിങ്ങുമൊക്കെ ചെയ്തത്.അന്ന് വിദേശിയരും ഇന്ന് അവരിലും വൃത്തികെട്ടവരും  വഞ്ചകരും കൊള്ളക്കാരുമായ സ്വദേശിയരായ രാഷ്ട്രീയ-ഉദ്യോഗസ്ഥ നപുംസകങ്ങളും എന്ന വ്യത്യാസം മാത്രം. രൂപേഷിൻറെയും ഷൈനയുടെയും മകളായതിൽ അഭിമാനിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് പതിനെട്ട് വയസായ പെൺകുട്ടിയാണ്. ഇന്നത്തെ ഏത് രാഷ്ട്രീയക്കാരുടെ മക്കൾക്ക് ഇത്രയും സത്യസന്ധമായി ചങ്കിൽ കൈവച്ച് പറയാൻ കഴിയും. പ്രിയപ്പെട്ട ആമീ, നിൻറെ മനോധൈര്യത്തിനും ഇച്ഛാശക്തിക്കും മുന്നിൽ ഞെട്ടിവിറച്ച ഒരു സമൂഹമിവിടുണ്ട്. ഈശ്വരൻ സത്യമെങ്കിൽ അദ്ദേഹവും ഞെട്ടിയിട്ടുണ്ടാവാം.
ആദ്യം ഇവിടുത്തെ അഴിമതി തുടച്ചുമാറ്റൂ. കള്ളനാണയങ്ങളായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്ത് തുറുങ്കിലടക്കൂ.  വയറെരിയുന്ന നീതി നിഷേധിക്കപ്പെട്ട അപരിചതരായ അനേകർക്കുവേണ്ടി സ്വന്തം ജീവിതം മറന്നു പോരാടുന്നവരുടെ നെഞ്ചിൽ വെടിയുതിർക്കുന്നത് അതിനുശേഷമാവാം.
.........
"നിയമം മനുഷ്യനു വേണ്ടിയാണ്,
മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല..."
.....
...ജോഫിൻ മണിമല...

No comments:

Post a Comment