Sunday 31 May 2015

ഹരിദ്വാറിലേക്ക്...

ഞാൻ പെയ്തുകൊണ്ടിരിക്കയാണ്
സ്വപ്നങ്ങളൊളിയുന്ന മഴയായ്
ആരും നനയുന്നില്ല...
മണ്ണിലെ വേരുകൾക്കിടയിൽ
കണ്ണുനീരായി ഒഴുകുകയാണ്...

എവിടെയോ ഒരു ദംഷ്ട്ര നീണ്ടു
വെളുത്ത് കൂർത്ത്...
അറ്റത്തെ കടുംചുവപ്പിലൂടെ
ഞാനൊലിച്ചിറങ്ങി, മണ്ണു ചുവന്നു...
പൊരിവെയിലിൽ ഞാൻ പൊള്ളിനീറി
ഒടുവിൽ വീർത്തുതുടങ്ങി..
വായുവിലുയർന്നു പറന്നു
അനശ്വരതയുടെ നീലവിഹായസ്സിൽ
സ്വപ്നങ്ങളാൽ ഞാൻ നെയ്ത
അനന്തമായ വർണ്ണശബളിത
മനോഹര സ്വർഗ്ഗകൂടാരത്തിൽ...

എൻറെ നിഴൽ ആരും കണ്ടില്ല
നിഴലൊപ്പമുണ്ടായിരുന്ന ഞാൻപോലും!..
ഒരു പനിനീർമലരായി ഞാൻ
പലരും നീണ്ടമുടി മുറിച്ചുകളഞ്ഞു..
എന്നിൽ ചിരി, അവരിൽ കരച്ചിൽ...
കണ്ണീരൊലിച്ചിറങ്ങിയ എൻറെ മുഖം
എന്നെത്തന്നെ കോമാളിയാക്കി...
നിരാശയിൽനിന്നും പറന്നിറങ്ങിയത്
നിരാശയുടെ പടുകുഴിയിൽ..
ഇരുട്ട് മാത്രം വെളിച്ചമകന്നുകഴിഞ്ഞു
ഇരുണ്ട കറുപ്പ് എന്നെ സ്നേഹിച്ചു
ഞാൻ തിരിച്ചും!..

വർഷമേഘങ്ങൾ പിന്നെയും പെയ്തിറങ്ങി
പാതിവഴിയിൽ അന്യമായ
പാതിയാക്കാൻ കൊതിച്ച
വെളുത്തകിളിയുടെ കറുത്തചുണ്ടിൽ
പരിഹാസം മാത്രം
കുലംകുത്തിയ ഏകാന്തതയിൽ
നീരൊഴുകി ചുവന്നുവറ്റിയ
കണ്ണുകളിൽ എന്തോ പരിഭവമേതുമില്ല...

ദേശാടകൻ ഞാൻ-നാടോടി
നടുവേ ഓടാനറിയാത്ത,
വീടിൻറെ നാടിൻറെ മുടിഞ്ഞസന്താനം..
മേഘവഴിയേ നീങ്ങുകയാണ്
അകലങ്ങളിലെവിടെയോ
മണികളുടെ കിലുക്കം...
അത് ഹരിദ്വാറാണ്...
----------------------------
...ജോഫിൻ മണിമല...
    08682871736

Monday 25 May 2015

വൈരുദ്ധ്യങ്ങൾ

എനിക്ക് പ്രണയിക്കേണ്ടാ;
പ്രണയം തന്നെയാവണം...
ഒഴുകിമറയുന്ന തെളിനീരാവണ്ടാ;
നിറഞ്ഞുനില്ക്കുന്ന പുഴയാകണം...
പാദങ്ങളെ പുണരുന്ന തിരമാലയാവണ്ടാ;
വിഴുങ്ങിക്കളയുന്ന കടലാവണം...
സമാധാനത്തിൻറെ വെള്ളരിപ്രാവാവേണ്ടാ;
ചുറ്റിവരിയുന്ന സർപ്പമാവണം...
തഴുകിത്തലോടുന്ന ഇളംതെന്നലാവണ്ടാ;
സർവ്വസംഹാരിയായ കൊടുങ്കാറ്റാവണം...
ഒരു കഥയുമായ് വരുന്ന മഴത്തുള്ളിയാവണ്ടാ;
അനേകം കഥകളുള്ള പേമാരിയാവണം...
ഓർമ്മയിൽ മധുരംനിറഞ്ഞ സുഖമാവണ്ടാ;
പുറന്തള്ളലിൻറെ തീണ്ടാരിനോവാവണം...
നടപ്പാതയിൽ കിലുങ്ങുന്ന വെള്ളിക്കൊലുസാവണ്ടാ;
കാലുരഞ്ഞ് വൃണമാവുന്ന ചങ്ങലയാകണം...
തേൻ നുരയുന്ന ചുണ്ടുകളാവണ്ടാ;
ചോരയൂറ്റി വലിക്കുന്ന ദംഷ്ട്രകളാവണം...
ആശ്വാസത്തിൻറെ പുഞ്ചിരിയാണ്ടാ;
ഭയമേറ്റുന്ന വികൃതമായ പൊട്ടിച്ചിരിയാവണം...
എനിക്കു ഞാനാവേണ്ടാ;
ഞാന്‍ നീ തന്നെയാവണം...
-------------------
...ജോഫിൻ മണിമല...

Thursday 21 May 2015

പൂവാകകൾക്കരികിൽ...

അനശ്വരതയേക്കുറിച്ച് ചിന്തിച്ചാണ്
ഉറങ്ങാൻ കിടന്നത്
പൂത്ത വാകമരങ്ങൾക്കരികിൽ
പ്രതീക്ഷക്കു വകയുണ്ടെന്ന്
സ്വപ്നം...
ഉണരാതെതന്നെ എഴുന്നേറ്റു
ഇരുട്ടു തുരന്ന് ഞാൻ നടന്നു
പൂവാകകൾത്തേടി...

വഴിയിൽ ആദ്യംകണ്ടത്
ഒരു ഭ്രാന്തനെ..
വിറങ്ങലിച്ച കൈയ്യില്‍
മഞ്ഞച്ചരട് ചുരുട്ടിപ്പിടിച്ചവനോട്
വഴി ചോദിക്കാൻ
നാവു പൊന്തിയില്ല.
പാതിമയക്കത്തിൽ, കൊതുകിനെയടിച്ച്
വിറച്ചുകിടക്കുന്ന പയ്യന്‍
ഒട്ടിയ വയറിന്
വഴികളൊന്നുമറിയില്ല
ഇന്നലെവീണ പാലത്തിനടിയിൽ,
മൂക്കില്‍ കാക്കപ്പുള്ളിയുമായ്
ഒരുവൾ മുല്ലപ്പൂ ചൂടിനിന്നു
ഒപ്പമൊരു നാലുവയസ്സുകാരനും
സായന്തനത്തിനപ്പുറം,
മെലിഞ്ഞുണങ്ങിയ എനിക്ക്  മുല്ലപ്പൂ വെറുപ്പായിരുന്നു
"അമ്മേ; ഇന്നീ മാമനാണോ
മൊട്ടായ് തര്വാ?.."
ചൂണ്ടിയ വിരൽപിടിച്ച് ഞാന്‍:
"മോനേ; നീ വരുന്നോ
പൂവിട്ട വാകമരങ്ങൾ കാണാന്‍?"
"അതെന്താ മാമാ?"
ഒന്നുംമിണ്ടാതെ തല താഴ്ത്തി
അവരെയും കടന്ന് ഞാന്‍ നടന്നു. .

നടപ്പിനിടയിലാണ് സൂര്യനുദിച്ചത്
ചായകുടിച്ച് കടക്കാരനോട്
വാകമരങ്ങൾക്കരികിലേക്കുള്ള
വഴി ചോദിച്ചു
"രണ്ട് വളവിനപ്പുറം ഒരു കുന്ന്.
കേറിയിറങ്ങണം
തടാകത്തിനക്കരെ!..."
ഇപ്പോള്‍ പൂക്കള്‍ കാണില്ലാന്ന്
ഒരു കാക്കിഷർട്ടുകാരൻ
"ഇപ്പോഴുമവയുണ്ടോ"യെന്ന്
ഒരുവന്‍ പത്രത്തിൽ കണ്ണുംനട്ട്..
പുകയൂതുന്ന ഊശാൻതാടിക്ക്
അതൊരു നൊസ്റ്റാൾജിയയാണത്രേ

രണ്ട് വളവുകഴിഞ്ഞപ്പോൾ
കാലിൽ മന്തായി
കുന്ന് കേറിയപ്പോൾ
എനിക്ക് കൂനായി
ഇറങ്ങുമ്പോൾ
നിലത്തുവീണുടുപ്പ് കീറി
തടാകം-നീരുവറ്റിയ തരിശ്
അക്കരെ ചുവപ്പ്.
ചുവന്ന പൂക്കള്‍ നിറഞ്ഞ
വാകമരങ്ങൾക്കരികിലേക്ക്
ഓടുമ്പോള്‍, എൻറെ മുഖം
ചുവന്നുതുടുത്തു.
എത്തിയപ്പോൾ
വീണുകിടക്കുന്ന വാകമരങ്ങൾ
ചുവന്നപൂക്കളുടെ കൂമ്പാരം
കുറ്റിയിൽ ചാരിയ കോടാലിയിലൂടെ
രക്തമൊഴുകുന്നുണ്ട്.
അപ്പോള്‍ വീഴുംമുന്‍പ്
പൂക്കളുടെ നിറം ചുവപ്പായിരുന്നില്ല
മഞ്ഞപ്പൂക്കൾ ആയിരുന്നിരിക്കണം
ചിലപ്പോള്‍
വയലറ്റുമാവാം...
---------------------
...ജോഫിൻ മണിമല...

Tuesday 19 May 2015

ഒരു മുണ്ടഴിക്കൽ പ്രതിഷേധം

മരിച്ചയാളെ വെറുതേ വിട്ടൂടെ ൻറെ ഹിന്ദുത്വവാദികളേ..
സംസ്കാരം കൊണ്ട് ഈടൊള്ള ല്ലാ ബാരതീയരും ഹൈന്ദവൻ തന്നാണ്.. പ്രേമയുദ്ധം ഈടില്ലാന്നല്ല... ന്നാ ല്ലാം അതന്നാന്ന് ങ്ങളെങ്ങനാ പറയ്യാ.. കവടി നിരത്ത്യോ ആവോ.. ഇതൊരുമാതിരി പൊന്നാനീൽ പോയോരെല്ലാം തീവ്രവാദികളാന്ന് പറഞ്ഞപോലായ്.. ലൗജിഹാദ് നടന്നിട്ടുണ്ടെന്നും മറ്റുള്ള ല്ലാ മതക്കാരും അതിനിരകളായ്ട്ടുണ്ടെന്നും സത്യം തന്നാ..
ന്നാലും ഒരു തംശയം.. ഓൻ പൊന്നാനീ പോയോനാന്നറിഞ്ഞിട്ടല്ലേ ഓളവൻറെ കൂടെ ലിവിംഗ് ടുഗദർ തൊടങ്ങ്യത്.. തിപ്പരിപാടീൽ എപ്പ വേണേലും പിരിയാനുള്ള സാധ്യത നിലനിൽക്കേ എന്തിനാത്മഹത്യ ചെയ്യണം.. അതോ ഐഎഎസാകാൻ കൊതിച്ച കുട്ടിക്ക് "വ വള്ളി വര ഭൂജ്യം" ഇല്ലാർന്നോ..
പോലീസന്വേഷിക്കട്ടെ.. പ്പാ ങ്ങളൊന്ന് വിരൽ ഞൊടിച്ചാൽ കേന്ദ്രസേന തന്നെ വരൂല്ലായോ.. പ്പാ കാള പെറ്റപ്പഴേ കയറെട്ക്കണാ.. മേ ബീ ചാപിള്ളയായ്ക്കൂടായോ..
ലൗജിഹാദ് നടക്കരുത് എതിർക്കപ്പെടുക തന്നാവണം.. ന്ന് കരുതി ജാതി മറന്ന് പ്രേമിച്ച ല്ലാരും കള്ളബടുക്കൂസുകളാന്ന് പറയര്ത്.. നെല്ലും പതിരും തിരിച്ചറിയാണ്ട് രാഷ്ട്രീയനേട്ടങ്ങൾക്കായി ന്തും കൂവരുത്..
........
ബാബുലാൽ ഗൗറിനെ അറ്യോ മക്കളേ...
ലോകപ്രശസ്ത മുണ്ടഴിക്കൽ വീരനാ..
മുണ്ടുടുക്കന്നതെങ്ങനാന്ന് ആശ്ചര്യപ്പെട്ട റഷ്യക്കാര്യോട് ഉടുക്കാനല്ല തൻറടുത്ത് വന്നാ അഴിക്കാൻ പഠിപ്പിക്കാന്നാ ടിയാൻ പറഞ്ഞത്. ആരോഗ്യവതികളായ റഷ്യക്കാരികളെ ഓർത്ത് പബ്ളിക്കായി ഇക്കിളിപ്പെട്ട ടിയാൻ മധ്യപ്രദേശ് പ്പ ബരിക്കണ ബിജെപി സർക്കാരിൻറെ ആഭ്യന്തരമന്ത്രിയാണ്..
...................
മലയാള നാട്ടിൽ മാധ്യമങ്ങളൊന്നും ബിജെപിയെ പിന്തുണക്കുന്നില്ലാത്രേ..
ന്ന് മനോരമേടെ പ്രണ്ട്പേജിലന്നെ വന്ന വാർത്ത.. ഹോ.. ചങ്ക് തകർന്നുപോയി.. ഇംഗ്ലണ്ടിൽ വെളറി പിടിച്ചോട്യ പശൂനെ വെടിവെച്ചു കൊന്നത്രേ..
തെന്താപ്പാ ത്രേം പ്രാധാന്യം.
കിളിയേ വളർത്താനോ അതോ കൊല്ലാനോ...
-----------------------
...ജോഫിൻ മണിമല...

Saturday 16 May 2015

മകൻ

ഒറ്റക്കാലിൽ കുറ്റിച്ചിറകുവിരിച്ച്
ഒറ്റത്തിരിച്ചന്ദനമെരിയുന്ന ചിതയരികിലെ
ഉണക്കമരത്തിൻ ഒറ്റക്കൊമ്പിലിരുന്ന്
അവള്‍-നിറങ്ങള്‍ നഷ്ടമായ
പഞ്ചവർണ്ണക്കിളി-കരഞ്ഞുപാടി..

ഓർമ്മകളനേകമേകിയാണ് കാമുകന്‍
അനശ്വരതയിൽ മറഞ്ഞത്
നീലരാത്രിയുടെ ഓർമ്മകൾ
ഉദരത്തിൽ തെളിഞ്ഞുവന്നു
ചുമച്ചുകുരച്ച് തൊണ്ടടിച്ച് കയറാക്കി
കയറുവിറ്റാ സമ്മാനം സൂക്ഷിച്ചൊരുനാൾ
ഞെളിഞ്ഞിറങ്ങിയവൻ കീറപ്പായിൽ.
വേദനകൾക്കക്കരെ സന്തോഷം കണ്ടപ്പോൾ
അരികില്‍ അമ്മയറിയാതെ
മകന്‍ മോണകൂട്ടി കടിച്ചത്
ആരുമറിഞ്ഞില്ല അമ്മപോലും.
മുലപ്പാല്‍ ചുരത്തിയപ്പോൾ
മുലക്കണ്ണ് ചുവന്നുതടിച്ചു..
ഭാവിയിലേക്ക് അമ്മ വിളക്കുതെളിച്ചു
ഉമ്മറക്കോലായിൽ മകൻ
ഇരുട്ടിലേക്ക് നോക്കിയിരുന്നു.
പ്രകാശം വെളിച്ചമില്ലാതെ
അവനെ തഴുകി ഇരുട്ടില്‍ മറഞ്ഞു
തൊണ്ടടിക്കു വേഗമേറി
മകന്‍ വളര്‍ന്നു,
അമ്മ വളഞ്ഞു..
കള്ളും കഞ്ചാവും
മകന് രുചിഭേദങ്ങളേകി.
അമ്മയുടെ പരിഭവങ്ങൾ
കവിളിൽ വിരൽപ്പാടുകളായി
തിരികെയെത്തി തിണർത്തുപൊന്തി
ഒരു നീലരാത്രിയുടെ ഫലം
കള്ളനായി കുടിയനായി
കള്ളുകുടിയന് കൂട്ടുകാരുമായി
ഒരുനാൾ കള്ളടിച്ചവൻ
അമ്മയ്ക്കൊരു സമ്മാനമേകി
കയറുണ്ടാക്കി വളർത്തിയയമ്മയെ
കയറാലെ വരിഞ്ഞ് കണ്ണടച്ചവൻ
പങ്കുകുടിയൻറെ കാമം
അമ്മയുടെ നുറുങ്ങിയ നെഞ്ച്
എല്ലാം മകനൂതിവിട്ട
ബീഡിപ്പുകയിൽ ലയിച്ചുചേർന്നു.

ചിതയധികം പുകയാതെ എരിഞ്ഞടങ്ങി
പഞ്ചവർണ്ണക്കിളി നിലത്തുവീണു
മേഘങ്ങള്‍ വിങ്ങിനീങ്ങി
പെയ്തുവീണ മഴയില്‍ ഉപ്പുരസം
മകന്‍ മഴ കാണുകയാണ്
മഴ നനയുന്നില്ല
അവനും മഴയ്ക്കുമിടയിൽ
ഇരുമ്പുകമ്പികൾ
താഴും താക്കോലും...
-------------------------
...ജോഫിൻ മണിമല...

Friday 15 May 2015

അനാഥൻ

ഒരിക്കലേറെ കൊതിച്ചിരുന്നു
ഒരുരുളച്ചോറിനായി
-അമ്മയെന്ന സ്ത്രീയിൽനിന്നുമല്ല
കർമ്മമേത് കൊടിച്ചിപട്ടിയേയും
പുഷ്പിതയാക്കും അമ്മയാക്കും-
വാത്സല്യം നിറഞ്ഞ ഒരുരുളക്കായി
ലാളനയുടെ, സ്നേഹത്തിൻറെ
ശാസനയുടെ ഒരുരുള..
ജന്മസാഫല്യമണിയാൻ എനിക്ക്
അതുമാത്രം മതിയാകുമായിരുന്നു
എന്നിടനെഞ്ഞ് പൊട്ടുന്നത് കണ്ട്
അനാഥാലയത്തിൻറെ ചുമരുകള്‍
വിണ്ടുകീറി വീഴാറായി
ഏകാന്തയുടെ ബാല്യകൗമാരങ്ങളിൽ
ഗദ്ഗദങ്ങൾ നിറഞ്ഞ ഇടനാഴിയിൽ
പലപ്പോഴും ഞാൻ വൃദ്ധനായി
അർത്ഥങ്ങൾ തേടുന്ന ജീവിതം
ചോദ്യങ്ങളനേകം ഉത്തരങ്ങളും
ഒന്നുമൊന്നും ചേരുന്നില്ലെന്നു മാത്രം
പ്രതീക്ഷയുടെ മെഴുകുതിരി
ഉരുകിയൊലിച്ചുകൊണ്ടേയിരിക്കുന്നു
കരകാണാക്കടൽ നീന്തിയലയുമ്പോഴും
ഒരു കൊതുമ്പുവള്ളം, പാഴ്ത്തടി-
യെങ്കിലുമെന്ന് ഞാന്‍.
അനേകർ ചുറ്റിലുമുള്ളപ്പോഴും
കാലം, ജീവിതവുമെനിക്കായെഴു-
തിയൊരുപേർ അനാഥൻ!..
-------------------------
...ജോഫിൻ മണിമല...

Wednesday 13 May 2015

മുലകള്‍

അധികാരഗർവ്വിന് നേർക്ക്
മുലയറുത്തെറിഞ്ഞപ്പോഴാണ്
അവൾ ഒറ്റമുലച്ചിയായത്,
ദേവിയായത്...
മാറുമറക്കാൻ തുണി വേണമെന്ന്
പണ്ടെങ്ങോ ഒരു സമരം.
ഇന്ന്,
തുണിപറിച്ച് പലവിധ മുലകള്‍
മാറുമറക്കാതിങ്ങനെ നടക്കണമത്രേ.
നമ്പൂരിശ്ശൻ
മുലകളിലൂടെ ജീവിച്ചുമരിച്ചു.
ഉണ്ണിനമ്പൂരി
വളർന്നപ്പോൾ സമരം ജയിച്ചു
ഏവരും മാറുമറച്ചു.
കുഞ്ഞുണ്ണി നമ്പൂരി
തെരുവോരത്ത് കെട്ട്യോളെ നോക്കി നിക്കണു.
മാറുതുറപ്പ് സമരത്തിൽ
നിരവധി മുലകളോടൊപ്പം
കെട്ട്യോൾടേം കാണണത്രേ.
കൂട്ടിന് പൊട്ടനും കിട്ടനും...
.....................................
...ജോഫിൻ മണിമല...

Wednesday 6 May 2015

നല്ല കണ്ണുള്ള നീതിദേവത

ഇന്ന് താരങ്ങൾ സൽമാനോ ഗെയിലോ സ്റ്റാർക്കോ അല്ലാ...
ഡി.ഡബ്ള്യു.ദേശ്പാണ്ഡെയും എം.പി.സുബ്രഹ്മണ്യവുമാണ്.
............
ആദ്യത്തെയാൾ, ഭൂമിയിലെ ഒരു താരരാജാവിനെ അഞ്ചു വർഷത്തേക്ക് ശിക്ഷിച്ചയാളാണ്.
നൂറുല്ല മെഹമൂദ് എന്ന ദരിദ്രൻറെ ജീവനപഹരിച്ച, മറ്റ് നാലുപേർക്ക് ഗുരുതരപരിക്കുകൾ സമ്മാനിച്ച താരത്തിൻറെ പണവും പേരും പ്രതാപവും ഒന്നും അവിടെ പ്രശ്നമായില്ല. നീതിദേവതയിൽ വിശ്വാസം തോന്നിയ നിമിഷങ്ങൾ. ധീരമായി തൻറെ മൊഴിയിലുറച്ചു നിന്ന രവീന്ദ്ര പാട്ടീലെന്ന പാവം കോൺസ്ടബിളിന് ലഭിച്ച (മാനസിക സമ്മർദ്ദത്തിൻറെ പ്രത്യാഘാതങ്ങൾ അവസാനം ക്ഷയരോഗത്തിലെത്തിക്കയും 2007ൽ അദ്ദേഹം അനാഥനായി മരണമടയുകയും ചെയ്തത് ചേർത്തു വായിക്കണം) നീതികൂടിയാണ് ഈ വിധി. തെളിവ് നശിപ്പിക്കാനും ശിക്ഷയിൽ നിന്ന് രക്ഷ നേടാനും താരവും പരിവാരങ്ങളും നടത്തിയ ശ്രമങ്ങൾ വിലപ്പോകാഞ്ഞതിൽ ഒരു സന്തോഷമുണ്ട്.
........
രണ്ടാമൻ കോയമ്പത്തൂർ ജില്ലാ കോടതി ജഡ്ജിയാണ്. പോലീസ് അറസ്ട് ചെയ്ത രൂപേഷും ഷൈനയും ഉൾപ്പടെയുള്ള  "മാവോയിസ്ടുകൾ" കുറ്റക്കാരല്ലെന്നും, വിദ്യാഭ്യാസമുള്ളവരും സാമൂഹ്യമാറ്റത്തിന് ആത്മാർത്ഥമായി ശ്രമിക്കുന്നവരുമാണെന്ന് പറഞ്ഞ മറ്റൊരു നീതിമാനായ ന്യായാധിപൻ. കള്ളങ്ങളും അഴിമതിയും നീതിനിഷേധവും നിറഞ്ഞ രാജ്യത്തിൽ ഇവർ ചെയ്ത തെറ്റ് എന്താണ്. ഇന്ന് ഇവർ ചെയ്യുന്നത് തന്നെയല്ലേ പണ്ട് ഗാന്ധിജിയും നേതാജിയും ഭഗത് സിങ്ങുമൊക്കെ ചെയ്തത്.അന്ന് വിദേശിയരും ഇന്ന് അവരിലും വൃത്തികെട്ടവരും  വഞ്ചകരും കൊള്ളക്കാരുമായ സ്വദേശിയരായ രാഷ്ട്രീയ-ഉദ്യോഗസ്ഥ നപുംസകങ്ങളും എന്ന വ്യത്യാസം മാത്രം. രൂപേഷിൻറെയും ഷൈനയുടെയും മകളായതിൽ അഭിമാനിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് പതിനെട്ട് വയസായ പെൺകുട്ടിയാണ്. ഇന്നത്തെ ഏത് രാഷ്ട്രീയക്കാരുടെ മക്കൾക്ക് ഇത്രയും സത്യസന്ധമായി ചങ്കിൽ കൈവച്ച് പറയാൻ കഴിയും. പ്രിയപ്പെട്ട ആമീ, നിൻറെ മനോധൈര്യത്തിനും ഇച്ഛാശക്തിക്കും മുന്നിൽ ഞെട്ടിവിറച്ച ഒരു സമൂഹമിവിടുണ്ട്. ഈശ്വരൻ സത്യമെങ്കിൽ അദ്ദേഹവും ഞെട്ടിയിട്ടുണ്ടാവാം.
ആദ്യം ഇവിടുത്തെ അഴിമതി തുടച്ചുമാറ്റൂ. കള്ളനാണയങ്ങളായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്ത് തുറുങ്കിലടക്കൂ.  വയറെരിയുന്ന നീതി നിഷേധിക്കപ്പെട്ട അപരിചതരായ അനേകർക്കുവേണ്ടി സ്വന്തം ജീവിതം മറന്നു പോരാടുന്നവരുടെ നെഞ്ചിൽ വെടിയുതിർക്കുന്നത് അതിനുശേഷമാവാം.
.........
"നിയമം മനുഷ്യനു വേണ്ടിയാണ്,
മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല..."
.....
...ജോഫിൻ മണിമല...

Tuesday 5 May 2015

...വിലക്കപ്പെട്ട കനി...

ആദത്തിൻറെ വാരിയെല്ലിൽനിന്നും ഹവ്വ പിറവിയെടുത്തു. ഏദൻതോട്ടത്തിലവരാടിപ്പാടി നടന്നു. ദൈവം പറഞ്ഞു:"തോട്ടത്തിൻറെ നടുവിലെ മരത്തിൻറെ പഴം ഭക്ഷിക്കരുത്".. അവരനുസരിച്ചു. നഗ്നരായി മൃഗങ്ങളോടും പക്ഷികളോടും പൂക്കളോടും കുശ ലം പറഞ്ഞ് ജീവിച്ചു. ഒരുനാൾ സാത്താൻ പാമ്പിൻറെ രൂപത്തിൽ വന്ന് പറഞ്ഞു:"നിങ്ങൾ ആ പഴം കഴിക്കൂ. ലോകത്തിലെ ഏറ്റവും മാധുര്യമുള്ള സ്വാദുള്ള പഴമാണത്. നിങ്ങൾക്ക് സ്വർഗ്ഗം കാണാം.." അവളും അവനും പഴം പങ്കിട്ടുകഴിച്ചു. ആ നിമിഷം തങ്ങൾ നഗ്നരാണെന്ന് അവർ തിരിച്ചറിഞ്ഞു. അവരെ ദൈവം ഭൂമിയിലോട്ട് പറഞ്ഞയച്ചു. അവൻ വിയർപ്പു കൊണ്ട് അപ്പം കഴിച്ചു. അവൾ ഗർഭിണിയായി.. മനുഷ്യകുലം അവിടുന്നാരംഭിച്ചു.
......... ലൈംഗികതയെക്കുറിച്ച് ഇത്രയും മനോഹരമായ എഴുത്ത് വേറെയെവിടെയും വായിച്ചിട്ടില്ല.. ഒളിഞ്ഞിരിക്കുന്ന മനോഹരവും പവിത്രവുമായ ആശയം എന്തേ ബൈബിളിൻറെ തുടക്കത്തിലുണ്ടായിട്ടും അതിന് ആ രീതിയിലുള്ള വായന കിട്ടിയില്ല. ഉത്പത്തി-മനുഷ്യനായാലും മൃഗമായാലും സെക്സ് ആവശ്യമാണ്. അതുകൊണ്ട് തന്നെയാകാം ഗ്രന്ഥകാരൻ ഒരു കഥയിലൂടെ അത് പറയണത്. ലോകത്തിലെ ഏറ്റവും സ്വാദുള്ള പഴം, നടുഭാഗത്തുള്ള മരം, അതിലെ പഴം- എല്ലാം നീളുന്നത് ലൈംഗികതയിലേക്കും ലൈംഗികാവയവങ്ങളിലേക്കുമല്ലേ... അവർ പഴം പങ്കിട്ട് കഴിച്ചു, ഉടനേ അവർക്ക് തങ്ങളുടെ നഗ്നത ബോധ്യപ്പെട്ടു. അവർ ഇലകൾ ചേർത്ത് ശരീരം മറച്ചു.- എത്ര മനോഹരമായാണ് ഇവിടെ സെക്സിനെ അവതരിപ്പിച്ചിരിക്കുന്നത്. അവർ ഭൂമിയിൽ വന്നതും പിന്നീടവൾ ഗർഭിണിയായതും ചേർത്തു വായിക്കൂ...
ദൈവവും സാത്താനും ഒരുതരത്തിൽ അറിഞ്ഞുകൊണ്ടുള്ള കളി. താൻ സൃഷ്ടിച്ചവരോട് അടുത്ത തലമുറ ഉണ്ടാകുവാൻ സെക്സ് ചെയ്യാൻ എങ്ങനെ പറയും. എന്ത് ചെയ്യരുതെന്ന് പറയുന്നോ അത് ചെയ്യാനുള്ള ജിജ്ഞാസ മനുഷ്യൻറെ ജന്മസ്വഭാവമാണ്. സാത്താൻ വന്നതും ദൈവത്തിൻറെ ആസൂത്രണം തന്നെ.. ജിജ്ഞാസയുള്ളപ്പോൾ ഒന്നു തട്ടികൊടുക്കുവാൻ സാത്താൻ വന്നു. അതും സ്ത്രീയുടെ അടുത്ത്...
അനേകകാര്യങ്ങൾ പറയാതെ പറയണു..
സെക്സ് അന്നും ഇന്നും എന്നും മനോഹരംതന്നെ.
അവർ പഴം പങ്കിട്ട് കഴിച്ചതുപോലെ ആവണമെന്ന് മാത്രം.. രണ്ട് പേരുടെ സ്വയം പങ്കുവെക്കാനുള്ള പൂർണ്ണമായ മനസാണ് ആവശ്യം. പരിപൂർണ്ണവും നിഷ്കളങ്കവും പവിത്രവുമായ ആഗ്രഹവും. സ്ത്രീയുടെ ശരീരത്തേക്കാൾ പവിത്രമാണ് ലൈംഗികത. രണ്ടുപേർ രതിമൂർഛയിലെത്തി പരമമായ ആനന്ദത്തിലെത്തുന്നിടത്ത്അല്ലേ ഭൂമിയുടെ നിലനില്പ് തന്നെ...
ലൈംഗികത വിശുദ്ധമാണ്. പരിപാവനവും.
( ചിന്തക്ക് പേരറിയാത്തൊരു വൃദ്ധപാതിരിക്കും ഹരിയേട്ടനും നന്ദി)
............................
...ജോഫിൻ മണിമല...
  +91-8682871736