Saturday 16 May 2015

മകൻ

ഒറ്റക്കാലിൽ കുറ്റിച്ചിറകുവിരിച്ച്
ഒറ്റത്തിരിച്ചന്ദനമെരിയുന്ന ചിതയരികിലെ
ഉണക്കമരത്തിൻ ഒറ്റക്കൊമ്പിലിരുന്ന്
അവള്‍-നിറങ്ങള്‍ നഷ്ടമായ
പഞ്ചവർണ്ണക്കിളി-കരഞ്ഞുപാടി..

ഓർമ്മകളനേകമേകിയാണ് കാമുകന്‍
അനശ്വരതയിൽ മറഞ്ഞത്
നീലരാത്രിയുടെ ഓർമ്മകൾ
ഉദരത്തിൽ തെളിഞ്ഞുവന്നു
ചുമച്ചുകുരച്ച് തൊണ്ടടിച്ച് കയറാക്കി
കയറുവിറ്റാ സമ്മാനം സൂക്ഷിച്ചൊരുനാൾ
ഞെളിഞ്ഞിറങ്ങിയവൻ കീറപ്പായിൽ.
വേദനകൾക്കക്കരെ സന്തോഷം കണ്ടപ്പോൾ
അരികില്‍ അമ്മയറിയാതെ
മകന്‍ മോണകൂട്ടി കടിച്ചത്
ആരുമറിഞ്ഞില്ല അമ്മപോലും.
മുലപ്പാല്‍ ചുരത്തിയപ്പോൾ
മുലക്കണ്ണ് ചുവന്നുതടിച്ചു..
ഭാവിയിലേക്ക് അമ്മ വിളക്കുതെളിച്ചു
ഉമ്മറക്കോലായിൽ മകൻ
ഇരുട്ടിലേക്ക് നോക്കിയിരുന്നു.
പ്രകാശം വെളിച്ചമില്ലാതെ
അവനെ തഴുകി ഇരുട്ടില്‍ മറഞ്ഞു
തൊണ്ടടിക്കു വേഗമേറി
മകന്‍ വളര്‍ന്നു,
അമ്മ വളഞ്ഞു..
കള്ളും കഞ്ചാവും
മകന് രുചിഭേദങ്ങളേകി.
അമ്മയുടെ പരിഭവങ്ങൾ
കവിളിൽ വിരൽപ്പാടുകളായി
തിരികെയെത്തി തിണർത്തുപൊന്തി
ഒരു നീലരാത്രിയുടെ ഫലം
കള്ളനായി കുടിയനായി
കള്ളുകുടിയന് കൂട്ടുകാരുമായി
ഒരുനാൾ കള്ളടിച്ചവൻ
അമ്മയ്ക്കൊരു സമ്മാനമേകി
കയറുണ്ടാക്കി വളർത്തിയയമ്മയെ
കയറാലെ വരിഞ്ഞ് കണ്ണടച്ചവൻ
പങ്കുകുടിയൻറെ കാമം
അമ്മയുടെ നുറുങ്ങിയ നെഞ്ച്
എല്ലാം മകനൂതിവിട്ട
ബീഡിപ്പുകയിൽ ലയിച്ചുചേർന്നു.

ചിതയധികം പുകയാതെ എരിഞ്ഞടങ്ങി
പഞ്ചവർണ്ണക്കിളി നിലത്തുവീണു
മേഘങ്ങള്‍ വിങ്ങിനീങ്ങി
പെയ്തുവീണ മഴയില്‍ ഉപ്പുരസം
മകന്‍ മഴ കാണുകയാണ്
മഴ നനയുന്നില്ല
അവനും മഴയ്ക്കുമിടയിൽ
ഇരുമ്പുകമ്പികൾ
താഴും താക്കോലും...
-------------------------
...ജോഫിൻ മണിമല...

4 comments:

  1. Nannayirunnu.....ninakku orupadu uyarangal ethaan kazhiyatte...

    ReplyDelete
  2. അവനും മഴയ്ക്കുമിടയിൽ
    ഇരുമ്പുകമ്പികൾ
    താഴും താക്കോലും...

    ReplyDelete