Friday, 31 July 2015

പ്രതികരണശേഷിയെ അടിച്ചമർത്തുമ്പോൾ...

       കണ്ണൂര്‍,  വയനാട് ജില്ലകളിലെ 3500ഓളം ആദിവാസി സഹോദര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയാണ് ആറളം ട്രൈബൽ സെറ്റില്‍മൻറ് ഏരിയ രൂപീകരിച്ചിട്ടുള്ളത്. അവരുടെ ഉപജീവനം കാത്തുപരിപാലിക്കേണ്ടതിനായി അവരുടെ ജോലി ഉറപ്പാക്കുവാനാണ് പട്ടികവർഗ്ഗവകുപ്പിന് കീഴിൽത്തന്നെ ഈ പദ്ധതി നിലനിർത്തിയിരിക്കുന്നത്. എന്നാല്‍ വിരോധാഭാസം എന്നുപറയട്ടേ കഴിഞ്ഞ ആറു വര്‍ഷങ്ങൾക്കിടയിൽ ആദിവാസി സഹോദരരിൽപ്പെട്ട ഒരാള്‍ക്കുപോലും ജോലി ലഭിച്ചില്ല.
ഒമ്പതാം ബ്ലോക്കിലെ കെട്ടിടനിർമ്മിതി ആസ്ഥാനത്ത് ലക്ഷങ്ങള്‍ മുതല്‍മുടക്കിയ ഷെഡ്ഡുകളുള്ളപ്പോഴും ഇവര്‍ കഴിയുന്നത് പ്ലാസ്ടിക്കും ഓലയും മറച്ച കൂരകൾക്കുള്ളിലാണ് എന്നത് അതീവ ദുഃഖകരവും നീതി നിഷേധിക്കപ്പെടുന്നതുമായ അവസ്ഥയാണ്.
         കളക്ടറും ജില്ലാ ഉദ്യോഗസ്ഥരും തുടങ്ങിയവർ കെടുകാര്യസ്ഥത കാണിക്കുന്നിടത്ത്, ജില്ലാപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയിട്ടുള്ളത് എത്രകണ്ട് ഗുണകരമാകുമെന്ന് കണ്ടറിയണം.
              ഇരുമ്പുപാലം ട്രൈബൽ ഹോസ്റ്റലിൽ നിന്നും പുറത്തുവരുന്ന വാര്‍ത്തകളും മനസ്സാക്ഷി വിരുദ്ധമായവയാണ്. ദേവിയാർ വൊക്കേഷണൽ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന ആദിവാസിക്കുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്.
സ്കൂള്‍ തൊഴിലധിഷ്ഠിതമായതു കൊണ്ടാവാം വിറകുവെട്ടൽ, ഓട വൃത്തിയാക്കൽ, പാചകം തുടങ്ങി എല്ലാവിധ പണികളും വാർഡനുൾപ്പടെയുള്ളവർ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നുണ്ട്. നാളെ ഒരു ലോകമുണ്ടെങ്കിൽ അന്തസ്സോടെ നില്ക്കാൻ ഇവരെ സഹായിക്കേണ്ടത് ആരാണാവോ?
       1997-ൽ കോഴിക്കോട്ടും 2000-ൽ എറണാകുളത്തും നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയിൽ 200 മീറ്റര്‍ ഓട്ടമത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ മുത്തു എന്ന യുവാവ് തിരുനെല്ലി അപ്പാപ്പാറ പക്കിണി കോളനിയില്‍പ്പെട്ട ആദിവാസി സഹോദരനാണെന്ന് ആർക്കറിയാം. പോട്ടെ, ഈ യുവാവ് ഇന്ന് ജീവിച്ചിരിപ്പില്ല എന്നെങ്കിലും ആരെങ്കിലുമറിഞ്ഞോ? പട്ടിണി കിടന്ന് മടുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു ഈ കായികതാരം. വെങ്കലമെഡൽ വാങ്ങുന്നവർക്കുപോലും ജോലി ഉറപ്പാക്കുന്ന ഭരണകർത്താക്കൾ ഈ യുവാവിനെ എന്തേ അവഗണിച്ചു? മുഖ്യധാരാ മാധ്യമങ്ങൾ ഈ വാര്‍ത്തയൊന്നും അറിഞ്ഞില്ലായോ?
     അട്ടപ്പാടിയിൽ ശിശുമരണം നിത്യേനയെന്നോണം നടക്കുന്നു. ഇതിനൊക്കെ എതിരേ പ്രതികരിച്ചാൽ മാവോവാദിയെന്നു പറഞ്ഞ് അടിച്ചമർത്തുക. സഹികെട്ട് മടുത്ത് നെല്ലിപ്പലക കഴിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം എത്രത്തോളമായിരിക്കുമെന്ന് ഭരണകൂടം ഓർക്കേണ്ടതുണ്ട്.

പിന്നാമ്പുറം: നമ്മടെ സർക്കാർ ഒരു നല്ല കാര്യം ചെയ്യാന്‍ പോകുന്നു. അമ്പലവയൽ മേഖലയിലെ 11 റവന്യൂ ക്വാറികൾക്കും 3 പട്ടയക്വാറികൾക്കും നിലവിലിരുന്ന വിലക്ക് മാറ്റി വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയാണ് സർക്കാർ കൊടുത്തിരിക്കുന്നത്. കൊള്ളാം. കാണേണ്ടുന്ന കാര്യങ്ങൾ കാണുന്ന ജനപ്രതിനിധികൾ!..

Thursday, 30 July 2015

മേമൻറെ വധശിക്ഷ: അഭിപ്രായങ്ങൾ ഉയരുമ്പോൾ...

(യാക്കൂബ് മേമനെ തൂക്കികൊന്നത് തെറ്റാണെന്ന് സ്ഥാപിച്ചെടുക്കാനല്ല എന്ന് ആദ്യമേ പറയട്ടേ...)
   1993 മാർച്ച് 12നാണ് 257 പേര്‍ മരിക്കാനിടയായ മുംബൈ സ്ഫോടനം നടന്നത്. ഏകദേശം 22 വർഷങ്ങൾക്കിപ്പുറം അതുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെ ഇന്ന് തൂക്കിലേറ്റി. രാജ്യത്തിൻറെ അഖണ്ഡതയെ തകര്‍ക്കുവാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ചെയ്ത തെറ്റിന്റെ തോതനുസരിച്ച് പരാമാവധി ശിക്ഷ കൊടുക്കുവാൻ പരമോന്നതകോടതി വരെയുള്ള ജുഡീഷ്യല്‍ സംവിധാനത്തിന് ബാധ്യതയുണ്ട്. അതങ്ങനെ തന്നെയാവുകയുംവേണം. രാജ്യത്തിൻറെ സുസ്ഥിരമായ നിലനില്പിനതാവശ്യവുമാണ്.
  ഗൂഢാലോചനയിൽ പങ്കാളിയായി എന്നതാണ് യാക്കൂബിനെതിരെയുള്ള കുറ്റം (ഗുജറാത്ത് വംശഹത്യയിൽ പ്രതിചേർക്കപ്പെട്ട ഒരു നേതാവിനെതിരേ ചാർത്തപ്പെട്ട വകുപ്പുകളായിരുന്നു മേമനെതിരെയും നിലനിന്നത്. നേതാവിനെതിരെയുള്ള കേസ് നിലനിന്നില്ല). അത് അനിഷേധ്യമായി തെളിഞ്ഞിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് നീണ്ട 21 വർഷങ്ങളുടെ സമയം എടുത്തത്? നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഏറ്റവും വലിയ പോരായ്മയാണ് ശിക്ഷാവിധിയിലും അത് നടപ്പാക്കുന്നതിലുമുള്ള കാലതാമസം. യാക്കൂബ് തൻറെ ജ്യേഷ്ഠനായ ടൈഗര്‍ മേമൻ, ദാവൂദ് ഇബ്രാഹിം,  അനീസ് ഇബ്രാഹിം എന്നിവര്ക്കാവശ്യമായ പണം എത്തിച്ചിട്ടുണ്ട്. അതൊരു സ്ഫോടനമായിരുന്നു എന്നറിഞ്ഞപ്പോൾ തൻറെ കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിക്കുന്നതിനും ചെയ്ത തെറ്റുകളേറ്റു പറഞ്ഞ് കീഴടങ്ങുന്നതിനും തയ്യാറായ വ്യക്തിയാണ്. 1994-ൽ ഡൽഹിയിൽ വെച്ച് പിടിച്ചതാണെന്നും കീഴടങ്ങിയതല്ലെന്നും ഔദ്യോഗികരേഖ പറയുന്നു. എന്നാല്‍ ഇപ്പറയുന്നതിനും ഒരുമാസംമുമ്പേ നേപ്പാളിൽ വച്ച് ഭീകരവിരുദ്ധസേന തന്നെ പിടികൂടിയെന്ന് യാക്കൂബും പറയുന്നു. ഔദ്യോഗികരേഖയാണ് ശരിയെങ്കിൽ ഭീകരവിരുദ്ധസേന ഉന്നംവച്ചയൊരാൾ ധൈര്യപൂർവ്വം തലസ്ഥാനത്ത് വന്നതെന്തിന്; കീഴടങ്ങാനല്ലെങ്കിൽ? എന്ന സംശയം ബാക്കിയാവും.
    മുംബൈ സ്ഫോടനക്കേസിലെ ഏകസാക്ഷിയായിരുന്നു മേമൻ. സ്ഫോടനത്തിൽ പാക്കിസ്ഥാനിൽ
നിന്നുളള പങ്കിനേപ്പറ്റി വ്യക്തമായ സൂചനകളും തെളിവുകളും മേമൻതന്നെ സേനക്ക് കൊടുത്തിരുന്നു. എന്നിട്ടും യഥാർത്ഥ പ്രതികളെ തൊടാൻപോലും നമ്മുടെ സേനക്ക് കഴിഞ്ഞിട്ടില്ലായെന്നത് ഖേദകരമാണ്. ദാവൂദും ടൈഗറും അനീസുമൊക്കെ ഇപ്പോഴും പിടികിട്ടാപ്പുള്ളികൾ തന്നെ. ഇന്ത്യയിൽ വന്നു കീഴടങ്ങിയ യാക്കൂബ്,  മറ്റാരെയും കണ്ടുകിട്ടാത്തതിനാൽ ഇന്ന് തൂങ്ങിക്കിടക്കുന്നു. പ്രധാനപ്രതികളിലൊരാളെയെങ്കിലും കിട്ടിയിരുന്നുവെങ്കിൽ, ഒരുപക്ഷേ യാക്കൂബിൻറെമേൽ തൂക്കുകയർ വീഴില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
      യാക്കൂബിനെ തൂക്കിലേറ്റുന്നത് ശരിയാണെങ്കിൽക്കൂടി യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാനാവാത്തത് പോരായ്മയാണ്. ഇന്ത്യയിലേക്ക് വരാനുള്ള തീരുമാനമെടുത്തപ്പോൾ സഹോദരന്‍ എതിർത്തതാണ്; തൂക്കിലേറ്റുമെന്ന് പറഞ്ഞതാണ്. നീതിന്യായവ്യവസ്ഥയിലുള്ള അകമഴിഞ്ഞ വിശ്വാസമാണ് മേമനെ ഇന്ത്യയിലെത്തിച്ചത്. "ടൈഗര്‍ മേമൻറെ സഹോദരനെ തൂക്കിക്കൊന്നേ പറ്റൂ എങ്കിലെന്നെ കൊന്നോളൂ. പ്രതി എന്ന നിലയില്‍ അത് ചെയ്യരുതേ"യെന്ന യാക്കൂബിൻറ നിലവിളി ചിന്തകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
     വധശിക്ഷ റദ്ദാക്കുവാനുള്ള ഹര്‍ജി പരിഗണിക്കുമ്പോൾ രണ്ടംഗ ബഞ്ചിലുണ്ടായ ഭിന്നത ശ്രദ്ധേയമാണ്. ദാവേ ഹർജി തള്ളിയപ്പോൾ കുര്യന്‍ ജോസഫ് അതിൽ വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല സംശയവും രേഖപ്പെടുത്തി. തുടര്‍ന്ന് മൂന്നംഗ ബഞ്ച് വരുകയും ഹര്‍ജി തള്ളുകയും ചെയ്തു. വീണ്ടും തിരുത്തല്‍ ഹര്‍ജി വന്നപ്പോൾ അത് പരിശോധിച്ച മൂന്നംഗ ബഞ്ചിലെ ഒരാളൊഴികെ ആരും ക്യൂറേറ്റർ ബഞ്ചിലില്ലാതിരുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞത് വളരെ പ്രധാന്യത്തോടെ കാണേണ്ടുന്ന വിഷയമാണ്.
       യാക്കൂബിനെ തൂക്കിലേറ്റിക്കഴിഞ്ഞതിനാൽ ഇനിയും യാക്കൂബിനു വേണ്ടി വാദിച്ചിട്ട് കാര്യമില്ല. എന്നിരുന്നാലും ചില അനുബന്ധ കാര്യങ്ങൾ നാം മനസ്സിലാക്കാതെ പോകരുത്. മുംബൈ സ്ഫോടനത്തിന് കാരണമായത് ബാബ്‌റി മസ്ജിദ് തകർക്കപ്പട്ടതാണ്. അന്ന് മരിച്ചത് ഏകദേശം 1200 പേരാണ്. അതിൻറെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയും ബാൽതാക്കറെയാണെന്നും അയാള്‍ ചെയ്തത് അങ്ങേയറ്റം നീചപ്രവർത്തിയാണെന്നും റിപ്പോർട്ട് ചെയ്തത് 'ശ്രീകൃഷ്ണാ കമ്മീഷനാ'ണ്. പക്ഷേ, ബാൽതാക്കറെയുടെ രോമത്തിൽപ്പോലും ആർക്കും തൊടാനായില്ല. എല്ലാവിധ ഉപചാരമര്യാദകളോടെയുമാണ് താക്കറെയുടെ ശവസംസ്കാരം നടത്തിയെന്നതും, ആ സംഭവത്തിനു പിന്നിലുണ്ടായിരുന്നവരിൽ ചിലര്‍ എംപിയും എംഎല്‍എയുമൊക്കെയായി എന്നതും ചരിത്രത്തിൽ വരുന്ന വിരോധാഭാസമാവില്ലേ?..
1984-ൽ മൂവായിരത്തോളമാളുകൾ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപത്തിൽ ആരൊക്കെ വധശിക്ഷക്കർഹരായി?
2002-ൽ നരോദാപാട്യയിൽ ഇഹ്സാൻ ജഫ്രിയെ പെട്രോളൊഴിച്ച് കത്തിച്ചതുൾപ്പെടെ 97പേരെ കൊലപ്പെടുത്തിയ മായാ കൊട്നാനിക്കും ബാബു ബജ്രംഗിക്കുമുൾപ്പെടെയുള്ളവർക്കെന്തുകൊണ്ട് വധശിക്ഷ ലഭിച്ചില്ല? ഗുജറാത്തിൽ വംശഹത്യ നടത്തിയവർക്ക്, വ്യാജ ഏറ്റുമുട്ടലിലൂടെ ഇഷ്രത്ത് ജഹാന്‍, പ്രാണേഷ്കുമാർ, സുഹ്രബുദ്ദീൻ, കൗസർഭി എന്നീ നിരപരാധികളെ കൊന്നൊടുക്കിയവർക്ക് തൂക്കുകയർ അന്യമായതെങ്ങനെ? മുത്തങ്ങയിലെ ഒറീസ്സായിലെ നരഹത്യകൾ നടത്തിയവരെ, ക്രിസ്ത്യൻ മിഷനറിയേയും മക്കളേയും കൊന്നവരെ, കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്തവരെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗ്ഗീയകലാപങ്ങൾ നടത്തി നിരപരാധികളെ കൊന്നവരെ തൂക്കിക്കൊല്ലാൻ എന്തേ നമ്മള്‍ക്ക് സാധിച്ചില്ല? രാഷ്ട്രീയപിൻബലമുള്ള കേസുകളല്ലേ, അതുകൊണ്ടാണ് എന്ന് പറഞ്ഞു തല്ക്കാലം തടിതപ്പാം. ഒരേ തരത്തിലുള്ള കുറ്റങ്ങൾക്ക് പലതരത്തിലുള്ള ശിക്ഷ എന്നത് ബോധമുള്ള ആർക്കെങ്കിലുമംഗീകരിക്കാനാവുമോ? അതിനെത്ര രാഷ്ട്രീയ പിൻബലവും കാരണങ്ങളുമുണ്ടെങ്കിലും...
തെറ്റു ചെയ്തവൻറെ മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാനും അർഹിക്കുന്ന ശിക്ഷ അവര്ക്ക് ലഭ്യമാക്കാനും ഓരോ നീതിന്യായ ഉദ്യോഗസ്ഥനും കടമയുണ്ട്. അവരത് കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത്, അഥവാ ഇല്ലെങ്കിൽ അതിന് പ്രേരിപ്പിക്കേണ്ടത് സമൂഹത്തിൻറെ ഉത്തരവാദിത്വമാണ്!..
       ഒരാളെ തൂക്കിക്കൊന്നതിൽ എതിർപ്പില്ല; എന്നാല്‍ അതിലും വലിയ മനുഷ്യദ്രോഹികൾ ഈ രാജ്യത്ത് സുഖിച്ചു കഴിയുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത രോഷവും വിഷമവുമുണ്ട്.
വാൽച്ചോദ്യം: ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലുമോ? എത്രനാളാവും? നിഷാമിനെയോ?..
---------------------
...ജോഫിൻ മണിമല...

Tuesday, 28 July 2015

കലാമിൻറെ മരണം: ചില അനുബന്ധ ചിന്തകള്‍...


അബ്ദുള്‍ കലാമിന്
ബഹുമാനവും സ്നേഹവും കൂടുതലോ കുറവോ ഇല്ലാതെ ആത്മാർത്ഥമായി ആദരാഞ്ജലികൾ നേരുന്നു...
ഭാരതം കണ്ടതിൽ വച്ചേറ്റവും ബഹുമാന്യനായ ചുരുക്കം വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം എന്നതില്‍ തർക്കമില്ല. പക്ഷേ അതൊരിക്കലും അദ്ദേഹം ഇന്ത്യയുടെ മിസൈല്‍മാൻ ആയതുകൊണ്ടല്ല; മറിച്ച് തൻറെ പുസ്തകങ്ങളിലൂടെയും ചിന്തകളിലൂടെയും സംസാരത്തിലൂടെയും അനേകരെ സ്വാധീനിച്ചത് വഴിയാണ്, പ്രതിസന്ധികളിൽ തളരാതെ നേടുന്ന വിജയമാണ് ഏറെ ആസ്വാദ്യകരം എന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചതിനാലാണ്, അനേകർക്കു മാതൃകയായതിനാലാണ്...
വിമർശനത്തിന് ആരും അതീതരല്ല. രാഷ്ട്രപിതാവായ ഗാന്ധിജിയാണ് ഇന്ന് അത്തരുണത്തിൽ അധികം വേദനിക്കുന്ന ആത്മാവ്..
സിപിഎം കലാമിനെതിരെ ക്യാപ്റ്റൻ ലക്ഷ്മിയെ സ്ഥാനാർത്ഥിയാക്കിയതിനെ ചീത്ത വിളിച്ചു ഇന്നൊരു ഫേസ്ബുക്ക് പോസ്ടു കണ്ടു. കലാമിന് ഏഴയല്പക്കത്ത് ക്യാപ്റ്റൻ വരില്ലാന്നൊക്കെയായിരുന്നു അത്. ഒരു സ്ത്രീ സ്വന്തം രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായി എത്രമാത്രം സഹിക്കാമോ അതിന്റെ പതിന്മടങ്ങോളം സഹിച്ചവരാണവർ. അന്ന് സിപിഎം കാണിച്ചത് കലാമിനോടുള്ള എതിര്‍പ്പല്ല, മറിച്ച് ആ സമയത്തെ രാഷ്ട്രീയത്തോടുള്ള എതിർപ്പായിരുന്നു എന്നത് വ്യക്തവുമാണ്. രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയബോധവുമുണ്ടായിരുന്ന പി.സി.അലക്സാണ്ടറിനെ ഒഴിവാക്കി കലാമിനേപ്പോലെ ഒരാള്‍ രാഷ്ട്രപതി സ്ഥാനാർത്ഥിയായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹിയും രാഷ്ട്രപതിയും അല്ലായെന്നു പറയുന്നില്ല. അത് അദ്ദേഹം തെളിയിച്ചതാണ്. മാതാ അമൃതാനന്ദമയിയോട് അനുവാദം ചോദിച്ചിട്ടാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് എന്നുവരുമ്പോൾ സിപിഎം ആ രാഷ്ട്രീയത്തെ എന്തുകൊണ്ടെതിർത്തു എന്ന് മനസ്സിലാകും. അമൃതാനന്ദമയിയോ, അരമനയിലെ തിരുമേനിയോ, തങ്ങള്‍മാരോ ആകരുത് ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യരാജ്യത്ത് രാഷ്ട്രപതിയെയും ജനപ്രതിനിധികളെയും തീരുമാനിക്കണ്ടത്. നിർഭാഗ്യവശാൽ അതങ്ങനാണുതാനും. ലജ്ജിക്കാൻ മാത്രമേ ആവൂ...
ആശയങ്ങളെ ആശയം കൊണ്ട് നേരിടണം.  ഇന്നുമിന്നെലെയും ഫേസ്ബുക്കിൽ നിറയുന്ന ചീത്തവിളികളിൽ മുമ്പിലുള്ളത് അറിവും വിവരവുമുള്ള യുവത്വത്തിൻറേതാണെന്ന് കാണുമ്പോൾ, ഇന്ത്യയുടെ സുരക്ഷിതഭാവി ആശയങ്ങള്‍ കൈമോശം വരുമ്പോള്‍ പൃഷ്ഠം ചൊറിയുന്ന വർഗ്ഗീയവാദികളായ ഇക്കൂട്ടരുടെ കൈയ്യിലാണെന്നു തിരിച്ചറിയുമ്പോൾ ഭയമാണുള്ളത്. അതും കലാമിൻറെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയവരാണ് ഏറെയെന്നത് ഖേദകരമാണ്. ആ മഹാമനുഷ്യൻറെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയല്ലേയത്.
കൂടംകുളം, ഗുജറാത്ത് കലാപം, വർദ്ധിച്ചുവന്ന അണ്വായുധപരീക്ഷണങ്ങൾ തുടങ്ങി മനസ്സാക്ഷിക്കനുകൂലിക്കാനാവാത്ത സംഭവങ്ങളോട് എതിര്‍പ്പുണ്ടെങ്കിലും ജനതകളെ സ്വാധീനിച്ച ഒരു നല്ല മനുഷ്യന്‍ തന്നെയാണദ്ദേഹം.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് മിസൈലുകളും അണ്വായുധങ്ങളും ആവശ്യമായിരിക്കാം. എന്നാലതിലും അത്യാവശ്യം ഈ രാജ്യത്ത് ഓരോ മനുഷ്യനും ആരെയും ഭയക്കാതെ ജീവിക്കാനാവണമെന്നതാണ്. ഓരോ കുടുംബത്തിനും വീടുണ്ടാകണമെന്നതാണ്. ശൗചാലയം ഉണ്ടാകണമെന്നതാണ്, വിശപ്പു മാറ്റാനും ദാഹമകറ്റാനുമുള്ള വകയുണ്ടാകണമെന്നതാണ്. ഡൈനമിറ്റ് കണ്ടുപിടിച്ച ആൽഫ്രഡ് നോബല്‍ തൻറെ കണ്ടെത്തൽ മനുഷ്യരാശിയെ ദോഷകരമായി ബാധിച്ചതുകണ്ട് പശ്ചാത്തപിച്ചതും പില്ക്കാലത്ത് അദ്ദേഹത്തിൻറെ പേരില്‍ നോബല്‍ സമ്മാനം വന്നതും ചരിത്രം. ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്ടീൻ തൻറെ ആപേക്ഷികസിദ്ധാന്തവും E=MC*Cഎന്ന സമവാക്യവും ആറ്റംബോംബിൻറെ നിർമ്മാണത്തിലെത്തിയതു കണ്ട് നിരാശനായതും ലോകംമുഴുവൻ സമാധാനത്തിനായ് സഞ്ചരിച്ചതും മറ്റൊരു ചരിത്രം. ഇവിടെ അശോകചക്രവർത്തിയുടെ ജീവിതവും ചരിത്രസത്യമാണ്. പൊഖ്റാനിലെ അണൈപരീക്ഷണങ്ങൾക്ക് "ബുദ്ധൻ ചിരിക്കുന്നു", "ബുദ്ധൻ വീണ്ടും ചിരിക്കുന്നു" എന്നിങ്ങനെ രഹസ്യകോഡുകളുപയോഗിച്ചപ്പോൾ അത് വിരോധാഭാസമായി എന്നത് അപ്രിയസത്യവുമാണ്.
ഇതൊക്കെ പറഞ്ഞത് കലാം എന്ന മഹാമനുഷ്യനോടുള്ള ഇഷ്ടക്കേടു കൊണ്ടല്ല. ഇന്നുമിന്നലെയുമുള്ള സോഷ്യല്‍മീഡിയയിലെ ചെളിവാരിയെറിയലുകൾ കണ്ടതുകൊണ്ടാണ്.
ആശയങ്ങള്‍ സംവദിക്കട്ടെ; വ്യക്തികളാവരുത്.

വാൽക്കഷ്ണം: "ഞാനൊരു കമ്മ്യൂണിസ്റ്റുമല്ല വിശ്വാസിയുമല്ല; ഒരു ക്ഷുരകനാണ് ഞാന്‍" (പാലേരിമാണിക്യം എന്ന സിനിമയില്‍ ശ്രീനിവാസൻറെ കേശവന്‍ എന്ന കഥാപാത്രം)
-----------------------
...ജോഫിൻ മണിമല...

Thursday, 2 July 2015

എനിക്കിഷ്ടം

ഉറങ്ങാനാകാതെ ഉണർന്നിരിക്കുന്ന
ഘോരതപത്തിന്‍റെ വെള്ളിവെളിച്ചത്തിൽ
മോഹിപ്പിച്ചു തളർത്തുന്ന
വെറും വെളിച്ചം മാത്രമായ
സൂര്യനെയും പകലിനെയും
വെറുക്കുന്നില്ല ഞാനെങ്കിലും
ഇഷ്ടപ്പെടുന്നില്ല തരിമ്പും
വന്നുവീണതും പിച്ചവച്ചതും
വയറു നിറച്ചതുമെല്ലാമിരുട്ടിൽ
പകലിലേക്ക് രാത്രിയിൽ നടന്നു
കറുപ്പ് കനത്ത ഇരുട്ടില്‍
പൊട്ടൻതെയ്യങ്ങൾ അലറിവന്നു
മിന്നാമിന്നിവെട്ടത്തിൽ തലപൊക്കിയപ്പോൾ
ഞാന്‍ കാലുതട്ടി വീണു
മുട്ടുപൊട്ടി ചോരകിനിഞ്ഞു
ഇരുട്ടിനെ സ്നേഹിക്കാൻ
നിലാവ് പഠിപ്പിച്ചു
അമ്പിളിയുടെ കുളിർതീർത്ഥം!.
പൊട്ടന്മാരെല്ലാം കോമാളികളായി
ചോര കിനിഞ്ഞിടം വൃണമായെങ്കിലും
നോവെല്ലാം സുഖമുള്ളതായിരുന്നു
രതിനദി ശാന്തസംഗീതമായി
പ്രണയിച്ചൊഴുകിയതും ഇരുട്ടിലാണ്
മണലൂറ്റി അവളെ വറ്റിച്ചത്
പകലിന്റെ വിരുതും
കൂമസംഗീതവും തവളക്കാറലുകളും
നിലാവഴികളിൽ എനിക്ക് സ്വന്തം
അടക്കപ്പെട്ട വാതിലിനപ്പുറം
പ്രകാശം പിറക്കുമെന്ന്
കറുത്ത ഇരുട്ടിലാണ് പഠിച്ചത്
വെളിച്ചത്തിന് തൊട്ടുമുമ്പ്
ഇരുട്ടതിൻറെ പരകോടിയിലായിരുന്നു
വെളിച്ചത്തിലേക്ക് തുറക്കുന്ന
പ്രകാശമാണെനിക്ക് ഇരുട്ട്
അതെ, എനിക്കിഷ്ടം ഇരുട്ടാണ് രാത്രിയാണ്
അതിൻറെ നിശ്ശബ്ദസംഗീതമാണ്...
--------------------------
...ജോഫിൻ മണിമല...
  08682871736

Sunday, 31 May 2015

ഹരിദ്വാറിലേക്ക്...

ഞാൻ പെയ്തുകൊണ്ടിരിക്കയാണ്
സ്വപ്നങ്ങളൊളിയുന്ന മഴയായ്
ആരും നനയുന്നില്ല...
മണ്ണിലെ വേരുകൾക്കിടയിൽ
കണ്ണുനീരായി ഒഴുകുകയാണ്...

എവിടെയോ ഒരു ദംഷ്ട്ര നീണ്ടു
വെളുത്ത് കൂർത്ത്...
അറ്റത്തെ കടുംചുവപ്പിലൂടെ
ഞാനൊലിച്ചിറങ്ങി, മണ്ണു ചുവന്നു...
പൊരിവെയിലിൽ ഞാൻ പൊള്ളിനീറി
ഒടുവിൽ വീർത്തുതുടങ്ങി..
വായുവിലുയർന്നു പറന്നു
അനശ്വരതയുടെ നീലവിഹായസ്സിൽ
സ്വപ്നങ്ങളാൽ ഞാൻ നെയ്ത
അനന്തമായ വർണ്ണശബളിത
മനോഹര സ്വർഗ്ഗകൂടാരത്തിൽ...

എൻറെ നിഴൽ ആരും കണ്ടില്ല
നിഴലൊപ്പമുണ്ടായിരുന്ന ഞാൻപോലും!..
ഒരു പനിനീർമലരായി ഞാൻ
പലരും നീണ്ടമുടി മുറിച്ചുകളഞ്ഞു..
എന്നിൽ ചിരി, അവരിൽ കരച്ചിൽ...
കണ്ണീരൊലിച്ചിറങ്ങിയ എൻറെ മുഖം
എന്നെത്തന്നെ കോമാളിയാക്കി...
നിരാശയിൽനിന്നും പറന്നിറങ്ങിയത്
നിരാശയുടെ പടുകുഴിയിൽ..
ഇരുട്ട് മാത്രം വെളിച്ചമകന്നുകഴിഞ്ഞു
ഇരുണ്ട കറുപ്പ് എന്നെ സ്നേഹിച്ചു
ഞാൻ തിരിച്ചും!..

വർഷമേഘങ്ങൾ പിന്നെയും പെയ്തിറങ്ങി
പാതിവഴിയിൽ അന്യമായ
പാതിയാക്കാൻ കൊതിച്ച
വെളുത്തകിളിയുടെ കറുത്തചുണ്ടിൽ
പരിഹാസം മാത്രം
കുലംകുത്തിയ ഏകാന്തതയിൽ
നീരൊഴുകി ചുവന്നുവറ്റിയ
കണ്ണുകളിൽ എന്തോ പരിഭവമേതുമില്ല...

ദേശാടകൻ ഞാൻ-നാടോടി
നടുവേ ഓടാനറിയാത്ത,
വീടിൻറെ നാടിൻറെ മുടിഞ്ഞസന്താനം..
മേഘവഴിയേ നീങ്ങുകയാണ്
അകലങ്ങളിലെവിടെയോ
മണികളുടെ കിലുക്കം...
അത് ഹരിദ്വാറാണ്...
----------------------------
...ജോഫിൻ മണിമല...
    08682871736

Monday, 25 May 2015

വൈരുദ്ധ്യങ്ങൾ

എനിക്ക് പ്രണയിക്കേണ്ടാ;
പ്രണയം തന്നെയാവണം...
ഒഴുകിമറയുന്ന തെളിനീരാവണ്ടാ;
നിറഞ്ഞുനില്ക്കുന്ന പുഴയാകണം...
പാദങ്ങളെ പുണരുന്ന തിരമാലയാവണ്ടാ;
വിഴുങ്ങിക്കളയുന്ന കടലാവണം...
സമാധാനത്തിൻറെ വെള്ളരിപ്രാവാവേണ്ടാ;
ചുറ്റിവരിയുന്ന സർപ്പമാവണം...
തഴുകിത്തലോടുന്ന ഇളംതെന്നലാവണ്ടാ;
സർവ്വസംഹാരിയായ കൊടുങ്കാറ്റാവണം...
ഒരു കഥയുമായ് വരുന്ന മഴത്തുള്ളിയാവണ്ടാ;
അനേകം കഥകളുള്ള പേമാരിയാവണം...
ഓർമ്മയിൽ മധുരംനിറഞ്ഞ സുഖമാവണ്ടാ;
പുറന്തള്ളലിൻറെ തീണ്ടാരിനോവാവണം...
നടപ്പാതയിൽ കിലുങ്ങുന്ന വെള്ളിക്കൊലുസാവണ്ടാ;
കാലുരഞ്ഞ് വൃണമാവുന്ന ചങ്ങലയാകണം...
തേൻ നുരയുന്ന ചുണ്ടുകളാവണ്ടാ;
ചോരയൂറ്റി വലിക്കുന്ന ദംഷ്ട്രകളാവണം...
ആശ്വാസത്തിൻറെ പുഞ്ചിരിയാണ്ടാ;
ഭയമേറ്റുന്ന വികൃതമായ പൊട്ടിച്ചിരിയാവണം...
എനിക്കു ഞാനാവേണ്ടാ;
ഞാന്‍ നീ തന്നെയാവണം...
-------------------
...ജോഫിൻ മണിമല...

Thursday, 21 May 2015

പൂവാകകൾക്കരികിൽ...

അനശ്വരതയേക്കുറിച്ച് ചിന്തിച്ചാണ്
ഉറങ്ങാൻ കിടന്നത്
പൂത്ത വാകമരങ്ങൾക്കരികിൽ
പ്രതീക്ഷക്കു വകയുണ്ടെന്ന്
സ്വപ്നം...
ഉണരാതെതന്നെ എഴുന്നേറ്റു
ഇരുട്ടു തുരന്ന് ഞാൻ നടന്നു
പൂവാകകൾത്തേടി...

വഴിയിൽ ആദ്യംകണ്ടത്
ഒരു ഭ്രാന്തനെ..
വിറങ്ങലിച്ച കൈയ്യില്‍
മഞ്ഞച്ചരട് ചുരുട്ടിപ്പിടിച്ചവനോട്
വഴി ചോദിക്കാൻ
നാവു പൊന്തിയില്ല.
പാതിമയക്കത്തിൽ, കൊതുകിനെയടിച്ച്
വിറച്ചുകിടക്കുന്ന പയ്യന്‍
ഒട്ടിയ വയറിന്
വഴികളൊന്നുമറിയില്ല
ഇന്നലെവീണ പാലത്തിനടിയിൽ,
മൂക്കില്‍ കാക്കപ്പുള്ളിയുമായ്
ഒരുവൾ മുല്ലപ്പൂ ചൂടിനിന്നു
ഒപ്പമൊരു നാലുവയസ്സുകാരനും
സായന്തനത്തിനപ്പുറം,
മെലിഞ്ഞുണങ്ങിയ എനിക്ക്  മുല്ലപ്പൂ വെറുപ്പായിരുന്നു
"അമ്മേ; ഇന്നീ മാമനാണോ
മൊട്ടായ് തര്വാ?.."
ചൂണ്ടിയ വിരൽപിടിച്ച് ഞാന്‍:
"മോനേ; നീ വരുന്നോ
പൂവിട്ട വാകമരങ്ങൾ കാണാന്‍?"
"അതെന്താ മാമാ?"
ഒന്നുംമിണ്ടാതെ തല താഴ്ത്തി
അവരെയും കടന്ന് ഞാന്‍ നടന്നു. .

നടപ്പിനിടയിലാണ് സൂര്യനുദിച്ചത്
ചായകുടിച്ച് കടക്കാരനോട്
വാകമരങ്ങൾക്കരികിലേക്കുള്ള
വഴി ചോദിച്ചു
"രണ്ട് വളവിനപ്പുറം ഒരു കുന്ന്.
കേറിയിറങ്ങണം
തടാകത്തിനക്കരെ!..."
ഇപ്പോള്‍ പൂക്കള്‍ കാണില്ലാന്ന്
ഒരു കാക്കിഷർട്ടുകാരൻ
"ഇപ്പോഴുമവയുണ്ടോ"യെന്ന്
ഒരുവന്‍ പത്രത്തിൽ കണ്ണുംനട്ട്..
പുകയൂതുന്ന ഊശാൻതാടിക്ക്
അതൊരു നൊസ്റ്റാൾജിയയാണത്രേ

രണ്ട് വളവുകഴിഞ്ഞപ്പോൾ
കാലിൽ മന്തായി
കുന്ന് കേറിയപ്പോൾ
എനിക്ക് കൂനായി
ഇറങ്ങുമ്പോൾ
നിലത്തുവീണുടുപ്പ് കീറി
തടാകം-നീരുവറ്റിയ തരിശ്
അക്കരെ ചുവപ്പ്.
ചുവന്ന പൂക്കള്‍ നിറഞ്ഞ
വാകമരങ്ങൾക്കരികിലേക്ക്
ഓടുമ്പോള്‍, എൻറെ മുഖം
ചുവന്നുതുടുത്തു.
എത്തിയപ്പോൾ
വീണുകിടക്കുന്ന വാകമരങ്ങൾ
ചുവന്നപൂക്കളുടെ കൂമ്പാരം
കുറ്റിയിൽ ചാരിയ കോടാലിയിലൂടെ
രക്തമൊഴുകുന്നുണ്ട്.
അപ്പോള്‍ വീഴുംമുന്‍പ്
പൂക്കളുടെ നിറം ചുവപ്പായിരുന്നില്ല
മഞ്ഞപ്പൂക്കൾ ആയിരുന്നിരിക്കണം
ചിലപ്പോള്‍
വയലറ്റുമാവാം...
---------------------
...ജോഫിൻ മണിമല...