Friday 7 November 2014

ദേശാടനക്കിളി കരയാറില്ലേ?

ദേശാടനക്കിളി കരയാറില്ലേ?
-----------------------------
ദേശാടനക്കിളി കരയാറില്ല;
നാടുചുറ്റി കണ്ണീര്‍ വറ്റിയതാവാം...
പന്ചവര്‍ണ്ണക്കിളി അകലേക്ക് പറക്കാറില്ല;
തന്റെ കൂടാണു മനോഹരമെന്നാവാം...
ഒരൊറ്റമരച്ചില്ലയില്‍ ഇരുവരും കണ്ടുമുട്ടി
ദേശാടനത്തിന്റെ കറുത്ത വഴിത്താരകളില്‍
കണ്ണീര്‍ നശിച്ചയിടങ്ങളിലൊരിടത്ത്...
വര്‍ഷം മാറി,ശിശിരം വന്നു,വെയിലായി
ഒരിക്കലും ദേശാടനക്കിളി പറന്നകന്നില്ല...
പന്ചവര്‍ണ്ണക്കിളിയേകിയ വര്ണ്ണങ്ങളിലാണു
ഇനിയുള്ള ജീവിതമെന്നാവാം ...
കണ്ണുചൂഴ്ന്നന്ധതയേകുന്ന കാഴ്ചകള്‍
മരവിച്ചുപോയൊരു മനസ്സിലെ
ദുരിതങ്ങള്‍ യാതനകള്‍
എല്ലാം മറന്ന്, പന്ചവര്‍ണ്ണങ്ങളുടെ
നനഞ്ഞ മാറിടത്തില്‍ കൊക്കുരുമ്മി മയങ്ങി...
ദേശാടനത്തിനിറങ്ങിയ മറ്റൊരുവനായി
ഒരിക്കലൊരു തൂവല്‍ കടം വാങ്ങി;
നാടോടിക്ക് തിരികെ നല്‍കാനാവില്ലല്ലോ...
നാളേറെക്കഴിഞ്ഞൊരിക്കല്‍ പന്ചവര്‍ണ്ണക്കിളി:
"ഇന്നെന്റെ തൂവല്‍ ,
നാളെ എന്നെത്തന്നെയുമോ?.."
ആരു പറഞ്ഞു,
പന്ചവര്‍ണ്ണക്കിളി അകലേക്ക് പറക്കില്ലെന്ന്?..
സ്വപ്നങ്ങളുടെ കൂട്ടില്‍ നിന്നുമവള്‍
പറന്നകന്നു അകലങ്ങളിലേക്ക്!..
ആരു പറഞ്ഞു,
ദേശാടനക്കിളി കരയാറില്ലെന്ന്?..
അവളുപോയ ആകാശവഴികളിലേക്ക് നോക്കി
അവനിപ്പഴും കരയുന്നുണ്ട്!..
------------------------------
...ജോഫിന്‍ മണിമല...

No comments:

Post a Comment